വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.ഉരുള്‍പൊട്ടലുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ 402-ആയി വര്‍ദ്ധിച്ചു.മുണ്ടക്കൈ ചൂരല്‍മല ദുരന്തമുണ്ടായി എട്ട് ദിവസം പിന്നിടുകയാണ്. ഇന്ന് നേരത്തെ തെരച്ചില്‍ നടത്താന്‍ കഴിയാത്ത സൂചിപ്പാറ വനമേഖല കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്.
വ്യോമസേന ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തെരച്ചില്‍.പന്ത്രണ്ട് അംഗ സംഘം ആണ് സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുന്നത്. ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ ഇന്നലെ പുത്തുമലയില്‍ സംസ്‌കരിച്ചിരുന്നു. 29 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ആണ് സംസ്‌കരിച്ചത്.ദുരന്തമേഖലയില്‍ കാണാതായവരുടെ പട്ടിക ഇന്ന് പുറത്തുവിടും എന്ന് റെവന്യുമന്ത്രി കെ രാജന്‍ അറിയിച്ചു. ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണെന്നും കെ രാജന്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ അവിടെ നിന്നും ഉടന്‍മാറ്റും.
മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ കെട്ടടങ്ങളുടെ കണക്ക് പിഡബ്ല്യുഡി എടുക്കുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന റിസോര്‍ട്ടുകളുടെയും വീടുകളുടെയും കണക്കും എടുക്കുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവരെ ഇവിടേക്ക് മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമം എന്നും കെ രാജന്‍ അറിയിച്ചു.