നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് സിനിമയിലേക്ക് തിരികെയെത്തുന്നു. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് വാണി തിരികെയെത്തുന്നത്. ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്.
ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. സുപ്രധാനമായ കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായികയായെത്തുന്നത്. പ്രമുഖ ഡബ്ബിംഗ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.
കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഹരി നാരായണനാണ് , സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി.