നിശ്ചിത അളവില്‍ സുതാര്യതയുള്ള ടിന്റ് ഗ്ലാസ് മാത്രമേ വാഹനങ്ങളില്‍ ഉപയോഗിക്കാവൂ എന്ന നിയമം നിലനില്‍ക്കേയാണ് അബുദബി, ഉമ്മുഖുവൈന്‍ പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വേനല്‍ക്കാലത്ത് ചൂട് ഏല്‍ക്കാതിരിക്കാനാണ് കനം കൂടിയ ടിന്റുകള്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ച് നിയമലംഘനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് പിഴ സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 1500 ദിര്‍ഹം പിഴയാണ് ഈ നിയമലംഘനത്തിന് ഈടാക്കുക. നിലവില്‍ അന്‍പത് ശതമാനം കനമുള്ള ടിന്റ് പതിക്കാനാണ് അനുവാദമുള്ളത്. ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കാത്ത വിധമാണ് ടിന്റുകള്‍ പതിക്കേണ്ടതും. ഇത് മറികടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുമെന്നും പൊലീസ് വ്യക്തമാക്കി. വാഹനത്തിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ നിറം നല്‍കിയാലും പിഴ ഈടാക്കും. പിഴ നല്‍കി വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ പൊലീസിന് വാഹനം പിടിച്ചെടുക്കാനും കഴിയും. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ഇളവുകള്‍ നല്‍കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.