യുപിയിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്. സംഭവത്തിൽ കുറ്റക്കാരിയായ തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്റ്റിസ് സെക്ഷൻ 75 ചുമത്തി. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പോലീസ് നടപടി.
ഏറെ അന്വേഷണത്തിനൊടുവിൽ ആണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് ചുമത്തിയത്. കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക അതിലൂടെ കുട്ടികൾക്ക് മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 3 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഇത്.
കഴിഞ്ഞ മാസം മുസാഫർനഗറിലെ ഖുബ്ബാപൂർ പ്രദേശത്തെ സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മർദ്ദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വീഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ നിയമ നടപടി വേണമെന്ന ആവശ്യം ഉയർന്നു. ഐപിസി സെക്ഷൻ 504, 323 എന്നിവ പ്രകാരമായിരുന്നു ആദ്യം കേസെടുത്തത്. മനപ്പൂർവം വേദനിപ്പിക്കുക, മനപ്പൂർവം അപമാനിക്കുകയും അതുവഴി പ്രകോപനമുണ്ടാകുകയും ചെയ്യുക തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആയിരുന്നു അവ.