വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന് ജാമ്യം. ഹൊസ്ദുര്‍ഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നു രാവിലെ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഷിയാസിനെ, വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി.
യുവതി തന്നെ ചതിക്കുകയായിരുന്നെന്ന് ഷിയാസ് മൊഴി നൽകി. യുവതി നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു. അതിൽ ഒരു മകനുള്ള വിവരം യുവതി മറച്ചുവെച്ചുവെന്നും ഷിയാസ് പൊലീസിനോട് പറഞ്ഞു. പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി ഷിയാസ് കരീം മൊഴി നല്‍കിയിരുന്നു. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അത് ഇപ്പോള്‍ അവരുടെ കൈവശമുള്ള കാര്‍ വാങ്ങാന്‍ ഉപയോഗിച്ചെന്നും ഷിയാസ് പറഞ്ഞു.
കാസർകോട് ഹൊസ്ദുർഗ് സ്വദേശിനിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നൽകിയത്. എറണാകുളത്തെ ജിമ്മിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് ഷിയാസിനെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.