മാസപ്പിറവി കണ്ടതോടെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് സൗദി അറേബ്യ. ജൂണ്‍ പതിനാലിന് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.ഇത്തവണ ഹജ്ജ് തീര്‍ത്ഥാടന കാലയളവില്‍ പതിവിലും ചൂട് അനുഭവപ്പെടും എന്ന് സൗദി ദേശീയകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇന്നലെ മാസപ്പിറവി കണ്ടതോടെ വിശുദ്ധമാസമായ ദുല്‍ഹജ്ജിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ദുല്‍ഹജ്ജ് എട്ടായ ജൂണ്‍ പതിനാലിന് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ജൂണ്‍ പതിനഞ്ചിനാണ് അറഫ ദിനം. ജൂണ്‍ പതിനാറ് ഞായറാഴ്ചയാണ് ബലിപെരുന്നാള്‍.സൗദിയിലേക്ക് പ്രതിദിനം ലക്ഷക്കണക്കിന് ഹാജിമാരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ വരെ വിവിധ രാജ്യങ്ങളില്‍ നിന്നായി പന്ത്രണ്ട് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തിയെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ.തൗഫീക് അല്‍ റബിയ അറിയിച്ചു. മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും സുഗമമായി ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡോ.തൗഫീക് അല്‍ റബിയ അറിയിച്ചു.രാജ്യത്ത് താപനില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ കടുത്ത ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇത്തവണ ശരാശരിയിലും അധികം ചൂട് തീര്‍ത്ഥാടകര്‍ പ്രതീക്ഷിക്കണം എന്നാണ് സൗദി ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. നാല്‍പ്പതിനാല് ഡിഗ്രി സെല്‍ഷ്യസിനും മുകളിലായിരിക്കും കൂടിയ താപനില. ശരാശരി താപനിലയില്‍ നിന്നും ഒന്നര മുതല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമായിരിക്കും ഇത്തവണ ഹജ്ജ് തീര്‍ത്ഥാടന കാലയളവില്‍ അനുഭവപ്പെടുക എന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മേധാവി അയ്മന്‍ ഗുലാം അറിയിച്ചു.