ദീപാവലി കഴിഞ്ഞതോടെ ദില്ലിയിൽ വീണ്ടും വായു മലിനീകരണം രൂക്ഷമാകുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.സി.ബി) കണക്കനുസരിച്ച് നഗരം വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ്. മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സാണ് (എ.ക്യു.ഐ) രേഖപ്പെടുത്തിയത്. ദീപാവലിക്ക് പിന്നാലെയാണ് അന്തരീക്ഷ മലിനീകരണ തോത് വീണ്ടും വലിയ തോതില്‍ ഉയര്‍ന്നത്. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.
രാജ്യ തലസ്ഥാനം പൂര്‍ണമായും വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. പ്രധാന മേഖലകളില്‍ നാനൂറിന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദ്വാരക സെക്ടര്‍ 404, ഐടിഒ 430, നരേല 418, രോഹിണി, ആര്‍കെ പുരം 417 എന്നിങ്ങനെ ആണ് പ്രധാന നഗരകേന്ദ്രങ്ങളിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ അന്തരീക്ഷ മലിനീകരണ തോത്. ദീപാവലിക്ക് തൊട്ടുമുമ്പ് നഗരത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വലിയ തോതില്‍ പടക്കം പൊട്ടിച്ചതോടെ വീണ്ടും സ്ഥിതി വഷളായി.
സുപ്രീം കോടതി ഉത്തരവു പോലും വകവക്കാതെയാണ് ജനങ്ങള്‍ ആഘോഷത്തില്‍ ഏര്‍പ്പെട്ടത്. ദീപാവലിക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വായു മലിനീകരണ തോത് വലിയ തോതില്‍ ഉയരുമെന്ന് ദില്ലി സര്‍ക്കാര്‍ നേരത്തെ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദീപാവലിയുടെ പിറ്റേ ദിവസം മുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് ഒറ്റ, അക്ക നമ്പര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.