കുവൈത്ത്: കുവൈത്തില്‍ വിസ പുതുക്കുന്നതിനുള്ള നിരക്ക് മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുമെന്ന് സൂചന. തൊഴില്‍ വിപണി ക്രമീകരിക്കുക, ജനസംഖ്യ സന്തുലിതമാക്കുക എന്നിവയാണ് ഫീസ് വര്‍ദ്ധനയിലൂടെ ലക്ഷ്യമിടുന്നത്. അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും. വിദേശികളുടെ എണ്ണം കുറയ്ക്കാനും സ്വദേശി യുവാക്കള്‍ക്ക് ജോലി നല്‍കാനുമായി കുവൈത്ത് അടുത്തിടെ നിരവധി പരിഷ്‌കാരങ്ങളാണ് നടത്തി വരുന്നത്. ഇതിനായി വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുകയും വിദേശികള്‍ക്കായി നിരവധി നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. വിസ പുതുക്കുന്നതിന് ഫീസ് മൂന്നിരട്ടി വരെ വര്‍ദ്ധിപ്പിച്ചാല്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകും. ഇഖാമ നിരക്ക് വര്‍ദ്ധന സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുന്നതോടെ വിസ പുതുക്കാന്‍ പ്രവാസികള്‍ വലിയ തുക നല്‍കേണ്ടി വരും. അടുത്ത വര്‍ഷം മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിസ പുതുക്കുന്നതിനുള്ള നിരക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് നിലവില്‍ കുവൈത്തില്‍ കുറവാണ്.