വി എസ് എസ് സി പരീക്ഷാത്തട്ടിപ്പില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍. പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെ കോച്ചിങ് സെന്ററുള്‍പ്പടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ഉടൻ കേരളത്തിൽ എത്തിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു.
ഹരിയാന സ്വദേശിയും എ എസ് പിയുമായ ദീപക് ധൻകറിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം കഴിഞ്ഞ ദിവസം ഹരിയാനയിൽ എത്തിയിരുന്നു. മെഡിക്കൽ കോളജ് സി ഐ ഹരിലാൽ, സൈബർ പോലീസ് അംഗങ്ങൾ എന്നിവരും സംഘത്തിൽ ഉണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച രണ്ട് ഹരിയാന സ്വദേശികളും ആൾമാറാട്ടം നടത്തിയ സംഭവത്തിൽ ഒരാളും കേരളത്തിൽ പിടിയിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായത്.