കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയും അവസാനിപ്പിച്ചു. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ആനുകൂല്യങ്ങളാണ് അവസാനിപ്പിച്ചത്. നവംബര്‍ ഒന്നുമുതല്‍ പുതുക്കിയ താരിഫ് നിരക്ക് പ്രാബല്യത്തിൽ വന്നു. വൈദ്യുതി നിരക്കില്‍ യൂണിറ്റിന് ശരാശരി 20 പൈസ വര്‍ധനവ് വരുത്തുകയും ചെയ്തിരുന്നു. സബ്‌സിഡി കൂടി നിര്‍ത്തിയതോടെ വലിയ തുക വർധനവ് പലര്‍ക്കും ബില്ലില്‍ വരും.
കഴിഞ്ഞ ബജറ്റിൽ സബ്‌സിഡി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. നവംബർ ഒന്നുമുതൽ നടപ്പിലാകുന്നുവെന്ന് മാത്രം. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 85 പൈസവരെ യൂണിറ്റിന് നൽകി വന്നിരുന്ന സബ്‌സിഡി ഉണ്ടാകില്ല. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസയാണ് സബ്‌സിഡി. 41 മുതൽ 120 യൂണിറ്റ് വരെയുള്ളതിന് 50 പൈസയുമാണ് സബ്‌സിഡി. ഇങ്ങനെ മൊത്തം 85 പൈസയാണ് ശരാശരി യൂണിറ്റിന് സബ്‌സിഡിയായി ലഭിച്ചിരുന്നത്. രണ്ടുമാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 240 യൂണിറ്റ് വരെ ഉപയോഗിക്കുമ്പോൾ സബ്‌സിഡി ലഭിച്ചിരുന്നു.
90 ലക്ഷം പേരെങ്കിലും മാസം 250 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരാണ് എന്നാണ് റെഗുലേറ്ററി കമ്മീഷന്റെ കണക്ക്. മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 44 രൂപയോളം സബ്‌സിഡി ഇളവ് ലഭിച്ചിരുന്നു. അതാണ് ഇല്ലാതായത്. ഇതിന് പുറമെ ഫിക്‌സഡ് ചാർജിൽ നൽകിയിരുന്ന സബ്‌സിഡിയും ഒഴിവാക്കിയിട്ടുണ്ട്.