ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നല്‍കിയിരിക്കുന്ന വ്യാജവാഗ്ദാനങ്ങള്‍ ഉടന്‍ നീക്കണം എന്ന് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യങ്ങള്‍ നീക്കം ചെയ്യണം എന്നാണ് നിര്‍ദ്ദേശം.വില്‍പ്പനയ്‌ക്കോ വാടകകയ്‌ക്കോ നിലവില്‍ ലഭ്യമല്ലാത്ത വസ്തുക്കളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങള്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ നീക്കം ചെയ്യണം എന്നാണ് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പരിശോധനകളില്‍ ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഡി.എല്‍.ഡി അറിയിച്ചു. റിയല്‍എസ്റ്റേറ്റ് ഓഫീസുകള്‍ വേഗത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കിയിട്ടുള്ള വിവരങ്ങള്‍ പുതുക്കണം എന്നും ഡി.എല്‍.ഡി നിര്‍ദ്ദേശം നല്‍കി.പോര്‍ട്ടലുകളില്‍ നിന്നും തെറ്റായ വിവരങ്ങള്‍ നീക്കയതിന് ശേഷം ഡി.എല്‍.ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയര്‍എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടിക്ക് അതിന്റെ തെളിവ് സമര്‍പ്പിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
വ്യാജവാഗ്ദാനങ്ങളും പരസ്യങ്ങളും നല്‍കിയതിന് മുപ്പത് റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ക്ക് അന്‍പതിനായിരം ദിര്‍ഹം വീതം പിഴ ചുമത്തിയതിന് പിന്നാലെയാണ് ഡി.എല്‍.ഡിയുടെ പുതിയ നിര്‍ദ്ദേശം. റിയല്‍എസ്റ്റേറ്റ് പരസ്യങ്ങളില്‍ നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കാത്തതിനും വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനും ആയിരുന്നു പിഴ.