സൗദി അറേബ്യയില്‍ താമസതൊഴില്‍ നിയമലംഘനങ്ങള്‍ക്ക് ഇരുപതിനായിരത്തോളം വിദേശികള്‍ അറസ്റ്റിലായെന്ന് ആഭ്യന്തരമന്ത്രാലയം. പതിനൊരായിരത്തിലധികം വിദേശികളെ നാടുകടത്തിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഓഗസ്റ്റ് എട്ട് മുതല്‍ പതിനാല് വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തെരച്ചിലില്‍ 19989 നിയമലംഘകര്‍ പിടിയിലായെന്നാണ് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ്. അറസ്റ്റിലായവരില്‍ 12608 പേര്‍ താമസനിയമലംഘകര്‍ ആണ്. അതിര്‍ത്തി സുരക്ഷ നിയമങ്ങള്‍ ലംഘിച്ചതിന് 4519 വിദേശികളും 2862 പേര്‍ തൊഴില്‍ നിയമലംഘനത്തിനും അറസ്റ്റിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിന് 913 പേരും അറസ്റ്റിലായി. നിലവില്‍ 15803 വിദേശികള്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്. 11361 പേരെ കൂടി സൗദിയില്‍ നിന്നും നാടുകടത്തിയെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.