ശബരിമലയിൽ ദർശനത്തിനെത്തിയ ഇതര സംസ്ഥാനത്തു നിന്നുള്ള കുട്ടി അച്ഛനെ കാണാതെ കരയുന്ന ദൃശ്യങ്ങൾ മതസ്പർധയുണ്ടാക്കും വിധവും സംസ്ഥാനത്തിനെതിരേയും പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കാൻ എസ്പിമാർക്ക് നിർദേശം. തെറ്റായ വിവരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തവരുടെ വിവരം ജില്ലകളിൽനിന്ന് ശേഖരിച്ച് സൈബർ വിഭാഗത്തിനു കൈമാറാൻ പൊലീസ് ആസ്ഥാനത്തുനിന്ന് നിർദേശം നൽകി. സൈബർസെല്ലും പ്രത്യേകമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഫോട്ടോകൾ പോസ്റ്റു ചെയ്ത ആളുകളുടെ വിവരങ്ങൾ സമൂഹ മാധ്യമ കമ്പനികളിൽനിന്ന് ശേഖരിക്കും. എഫ്ഐആർ റജിസ്റ്റർ ചെയ്താൽ പോസ്റ്റുകൾ നീക്കാൻ സമൂഹമാധ്യമ കമ്പനികളോട് ആവശ്യപ്പെടുമെന്ന് സൈബർ ഉദ്യോഗസ്ഥർ പറഞ്ഞു. തെറ്റായ വിവരം പോസ്റ്റ് ചെയ്ത അൻപതിലധികം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റായ വിവരം പോസ്റ്റു ചെയ്തവരുടെ വിവരങ്ങൾ പൊതുജനങ്ങളും സൈബർ സെല്ലിനെ അറിയിക്കുന്നുണ്ട്. പോസ്റ്റു ചെയ്ത ചില ഇതര സംസ്ഥാനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു.
തിരക്കിനിടയില്‍ പിതാവിനെ കാണാതായതിനെ തുടർന്ന് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. പൊലീസ് കുട്ടിയെ ആശ്വസിപ്പിച്ചു. പിതാവ് എത്തിയപ്പോൾ ഒപ്പം അയച്ചു. ഈ ദൃശ്യങ്ങളും ഫോട്ടോയുമാണ് സംസ്ഥാനത്തെ മോശമാക്കി ചിത്രീകരിക്കാൻ ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി.