യുഎഇയില്‍ ശൈത്യകാലം ശക്തിപ്പെട്ട സാഹചര്യത്തില്‍ ഫ്‌ളൂ വാക്‌സിന്‍ എടുക്കണം എന്ന നിര്‍ദ്ദേശവുമായി ദുബൈ ഹെല്‍ത്ത് അഥോറിട്ടി.കുട്ടികളും വയോധികരും അടക്കം ഏതാനും വിഭാഗങ്ങള്‍ക്കാണ് നിര്‍ദ്ദേശം.യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനിലയില്‍ കുറവ് രേഖപ്പെടുത്തുകയാണ്. ഈ സമയങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ എയും ബിയും ആണ് സാധാരണ പടരുന്നത്.
ഈ സാഹചര്യത്തില്‍ ആണ് സമൂഹത്തിലെ ചില വിഭാഗങ്ങള്‍ ഫ്‌ളുവാക്‌സിന്‍ എടുക്കുന്നത് ഉചിതമായിരിക്കും എന്ന് ദുബൈ ഹെല്‍ത്ത് അഥോറിട്ടി വ്യക്തമാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, ആറ് മാസത്തിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, അറുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍,ഗര്‍ഭിണികള്‍,തീര്‍ത്ഥാടകര്‍ എന്നിവര്‍ ഫ്‌ളുവാക്‌സിന്‍ സ്വീകരിക്കണം എന്നാണ് ഡിഎച്ച്എയുടെ ശുപാര്‍ശ.
ഹൃദ്രോഗം, പ്രമേഹം, ആസ്ത അടക്കമുള്ള ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍,കരള്‍ രോഗമുള്ളവര്‍ തുടങ്ങിയവരും ഇന്‍ഫ്‌ളുവന്‍സയെ പ്രതിരോധിക്കുന്നതിന് വാക്‌സിന്‍ സ്വീകരിക്കണം എന്ന് ഡിഎച്ച്എ ആവശ്യപ്പെട്ടു. വാക്‌സിന്‍ നൂറ് ശതമാനം സംരക്ഷണം നല്‍കില്ലെങ്കിലും രോഗത്തിന്റെ ഗുരുതരാവസ്ഥ കുറയ്ക്കും എന്നും ഡിഎച്ച്എ വ്യക്തമാക്കി.