കിങ് ഖാൻ ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമായ ‘ജവാൻ’ എന്ന സിനിമയിലെ ആദ്യ ഗാനം അടുത്താഴ്ച പുറത്തിറങ്ങും. ‘സിന്ദാ ബന്ദ’ എന്ന ഗാനത്തിന് വേണ്ടി മാത്രം ചിലവഴിച്ചത് 15 കോടി രൂപയാണ്. കൂടാതെ മികച്ച ദൃശ്യ അനുഭവം പ്രേക്ഷകർക്ക് ഒരുക്കികൊണ്ട് ആയിരത്തിലധികം നർത്തകിമാർ ഗാന രംഗത്തിൽ അണിനിരക്കുന്നുണ്ട്. ജവാന്റെ പ്രിവ്യൂ പുറത്ത് വന്നതിനു പിന്നാലെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഗാനവും എത്തുന്നത്.
പാൻ-ഇന്ത്യൻ ചിത്രമായ ജവാൻ സംവിധാനം ചെയ്യുന്നത് അറ്റ്‍ലി ആണ്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ഷോബിയാണ്.
ചിത്രത്തിൽ നയൻതാര, സന്യ മൽഹോത്ര, വിജയ് സേതുപതി, പ്രിയാമണി, റിദ്ദി ദോഗ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഷാരൂഖ് ഖാൻ എത്തുന്നത് ഇരട്ട വേഷത്തിലാണ് എന്നും സൂചനയുണ്ട്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഫൈറ്ററായ മകനുമായി ഷാറൂഖ് ഖാൻ എത്തുമെന്നാണ് റിപ്പോർട്ട്. തമിഴില്‍ ഹിറ്റ് മേക്കറായി മാറിയ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയിലും ദക്ഷിണേന്ത്യന്‍ സിനിമ പ്രവര്‍ത്തകരുമായി ചേര്‍ന്ന് വളരെ കാലത്തിന് ശേഷം ഷാരൂഖ് ഖാന്‍ പ്രവര്‍ത്തിക്കുന്ന ചിത്രമെന്ന നിലയിലും ജവാന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം സെപ്റ്റംബർ 7ന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.