ഷാര്‍ജയില്‍ പ്രഖ്യാപിച്ച മുന്‍സിപ്പല്‍ പിഴയിളവ് നഗരസഭയുമായി ബന്ധപ്പെട്ട മുഴുവന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും ബാധകമാണെന്ന് സിറ്റി മുന്‍സിപ്പാലിറ്റി. ഹോട്ടലുകള്‍ക്കും നിര്‍മ്മാണ മേഖലയ്ക്കും പിഴയിളവ് ലഭിക്കും.പിഴയിളവ് പരമാവധി പ്രയോജനപ്പെടുത്തണം എന്നും ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റി അറിയിച്ചു.
ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഈ ആഴ്ച ആദ്യം ആണ് വിവിധ മുന്‍സിപ്പല്‍ നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. പിഴയിളവ് ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ വരുന്ന മുഴുവന്‍ വകുപ്പുകള്‍ക്കും ബാധകമായിരിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഒബൈദ് സഈദ് അല്‍ തുനൈജി പറഞ്ഞു. എമിറേറ്റിലെ താമസക്കാര്‍ക്കും വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എല്ലാം പിഴയിളവ് പ്രയോജനപ്പെടുത്താം. ഹോട്ടലുകള്‍, റെസ്റ്ററന്റും, ഭക്ഷ്യവില്‍പ്പന ശാലകള്‍, നിര്‍മ്മാണ മേഖല, പരസ്യകമ്പനികള്‍ തുടങ്ങിയവയ്ക്ക് ലഭിച്ച മുന്‍സിപ്പല്‍ പിഴകള്‍ക്ക് അന്‍പത് ശതമാനം ഇളവ് ബാധകമാണെന്ന് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങള്‍ക്കും പിഴയിളവ് ലഭിക്കും
പിഴയടക്കുന്നതിന് മുന്‍സിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ സ്മാര്‍ട്ട് ആപ്ലിക്കേഷനോ ഉപയോഗിക്കാം. എമിറേറ്റില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സ്മാര്‍ട്ട് കിയോസ്‌ക്കുകളും മുന്‍സിപ്പാലിറ്റിയുടെ അംഗീകൃത ഔട്ട്‌ലെറ്റുകളിലും പിഴ അടയ്ക്കാം. സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് രേഖപ്പെടുത്തപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ് അന്‍പത് ശതമാനം ഇളവ് ലഭിക്കുന്നത്. ഡിസംബര്‍ മൂന്ന് വരെ പിഴയിളവ് ലഭിക്കും