ഷാര്‍ജ പൊലീസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടി. മാര്‍ബിള്‍ സ്ലാബുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 226 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. ഏഷ്യന്‍ വംശജരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.മാര്‍ബിള്‍ സ്ലാബുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരമാണ് ഷാര്‍ജ പൊലീസ് ആന്റിനാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത്. 226 കിലോ ഹാഷിഷ്, മയക്കുമരുന്ന് ഗുളിഗകള്‍, സൈകോട്രോപിക് മരുന്നുകള്‍ എന്നിവയാണ് കണ്ടെടുത്തത്. രാജ്യത്തെ തുറമുഖം വഴി കടത്താനുള്ള പദ്ധതിയാണ് പൊലീസ് തകര്‍ത്തത്.
മയക്കുമരുന്ന് കടത്ത് സംഘത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കൃത്യമായ നിരീക്ഷണം നടത്തിയാണ് സംഘത്തെ പിടികൂടിയത്. ഏഷ്യന്‍ പൗരന്മാരായ മൂന്ന് പേരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായിച്ചേര്‍ന്നായിരുന്നു മൂന്നുപേരടങ്ങുന്ന സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് ഷാര്‍ജ പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ അമേര്‍ പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള പോലീസ് സേനയുടെ പ്രയത്‌നത്തെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തിനുപുറത്തുള്ള വിതരണക്കാര്‍ യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താനും വില്‍ക്കാനും ശ്രമിക്കുന്നുണ്ടെന്ന് ഷാര്‍ജ പൊലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം ഡയറക്ടര്‍ കേണല്‍ മജീദ് സുല്‍ത്താന്‍ അല്‍ അസം വ്യക്തമാക്കി. മയക്കുമരുന്നുസംഘത്തെ തിരിച്ചറിയാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുമായി പൊലീസിലെ ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിസ്ട്രക്റ്റീവ് സ്റ്റോണ്‍ എന്ന പേരില്‍ ഓപ്പറേഷന്‍ ആരംഭിച്ചതായും അല്‍ അസം അറിയിച്ചു.