ഷാര്‍ജ കല്‍ബയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആയിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചെന്ന് പൊലീസ് അറിയിച്ചു. നൂറ്റിയമ്പതിലധികം കുടുംബങ്ങളെ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ ബാധിച്ചത്. വെള്ളംകയറി കല്‍ബയില്‍ നിരവധി വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.ബുധനാഴ്ച വരെ തകര്‍ത്ത പെയ്ത മഴ ഷാര്‍ജയുടെ കിഴക്കന്‍ നഗരമായ കല്‍ബയില്‍ കനത്ത ദുരിതം ആണ് വിതച്ചത്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് 1100 പേരെ മാറ്റിപ്പാര്‍പ്പിച്ചെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. 173 കുടുംബങ്ങളെ ആണ് കനത്ത മഴ ബാധിച്ചത്. മൂന്ന് സ്‌കൂളുകളില്‍ തയ്യാറാക്കിയ താത്കാലിക കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്.
കനത്തെ മഴ തുടര്‍ന്ന് ഉയര്‍ന്ന വെള്ളം ഇറങ്ങിയതിന് ശേഷം മാറ്റിപ്പാര്‍പ്പിച്ചവര്‍ വീടുകളിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. റോഡുകള്‍ വീണ്ടും തുറന്നതായും വെള്ളക്കെട്ടുകള്‍ ഭുരിഭാഗവും നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു. എന്നാല്‍ വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വെള്ളം കയറി പലരുടെയും വീടുകളിലെ ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
സോഫകള്‍ക്കും, കാര്‍പ്പെറ്റുകള്‍ക്കും, കപ്‌ബോര്‍ഡുകള്‍ക്കും കേഡുപാടുകള്‍ സംഭവിച്ചെന്ന് വീടുകളില്‍ തിരികെ എത്തിയവര്‍ പറഞ്ഞു. വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ എന്നിവയില്‍ വെള്ളം കയറി. രണ്ട് ദിവസത്തോളം പലവീടുകളിലും വെള്ളം നിന്നു. മൂന്ന് ദിവസത്തോളം ആണ് കല്‍ബയില്‍ വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചവര്‍ സ്‌കൂളുകളിലെ താത്കാലിക കേന്ദ്രങ്ങളില്‍ കഴിഞ്ഞത്.