ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പിന് തുടക്കം. എമിറേറ്റിലെ പന്ത്രണ്ട് പ്രധാന കേന്ദ്രങ്ങളിലാണ് പ്രകാശോത്സവം നടക്കുന്നത്. പുതുമയേറിയ ഡിസൈനുകളിലാണ് ഇത്തവണ പ്രകാശോത്സവം ഒരുക്കിയിരിക്കുന്നത്.ഇനിയുള്ള പന്ത്രണ്ട് നാളുകള്‍ ഷാര്‍ജയിലെ പ്രധാനകെട്ടിടങ്ങള്‍ പ്രകാശം ചൊരിഞ്ഞ് സന്ദര്‍ശകരെ ആകര്‍ഷിക്കും.ഊര്‍ജ്ജക്ഷമതയുള്ള ദശലക്ഷക്കണക്കിന് ലൈറ്റുകള്‍ ഉപയോഗിച്ചാണ് ഇത്തവണത്തെ പ്രകാശോത്സവം.
ഷാര്‍ജ പൊലീസ് ആസ്ഥാനത്തായിരുന്നു പ്രകാശോത്സവത്തിന്റെ ഉദ്ഘാടനം. ഡ്രോണ്‍ ഷോ അടക്കം ഉദഘാടനചടങ്ങില്‍ അരങ്ങേറി. സെര്‍ബിയ, റഷ്യ, യു.കെ, ഫ്രാന്‍സ്, ഇറ്റലി ,ലബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളകലാകാരന്‍മാര്‍ ചേര്‍ന്നാണ് പൊലീസ് ആസ്ഥാനത്തെ വര്‍ണ്ണവെള്ളിച്ച മുഖരിതമാക്കിയത്. ഷാര്‍ജ പ്രകാശോത്സവത്തിന്റെ പതിമൂന്നാം പതിപ്പിനാണ് തുടക്കമായിരിക്കുന്നത്. 2010-ല്‍ ആയിരുന്നു ആദ്യ പ്രകാശോത്സവം. പന്ത്രണ്ട് കേന്ദ്രങ്ങളിലായി പതിനഞ്ചിലധികം ലൈറ്റ് ഷോകള്‍ ആണ് ഇത്തവണ ഒരുക്കുന്നത്. ഷാര്‍ജ മോസ്‌ക്ക്, അല്‍നൂര്‍ മോസ്‌ക്ക്,അല്‍മജാസ് വാട്ടര്‍ഫ്രണ്ട്, ദെയദ് ഫോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പ്രകാശോത്സവം അരങ്ങേറുക. ഷാര്‍ജ യൂണിവേസ്റ്റി ഹാളിന് മുന്‍പിലെ ലൈറ്റ് വില്ലേജിലും പ്രകാശോത്സവം അരങ്ങേറും.
വ്യാഴം വെള്ളി ശനി ദിവസങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ അര്‍ദ്ധരാത്രി വരെയും മറ്റുള്ള ദിവസങ്ങളില്‍ രാത്രി പതിനൊന്ന് വരെയും ആണ് പ്രകാശോത്സവം. ഷാര്‍ജ വാണിജ്യ വിനോദസഞ്ചാര വകുപ്പാണ് പ്രകാശോത്സവം സംഘടിപ്പിക്കുന്നത്.വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും സ്ഥാപനങ്ങളേയു ക്രോഡീകരിച്ചാണ് പരിപാടി. ഫെബ്രുവരി പതിനെട്ട് വരെയാണ് ലൈറ്റ് ഫെസ്റ്റിവല്‍ നീണ്ടുനില്‍ക്കുക.