ഷാര്‍ജയുടെ ഭാഗമായ കല്‍ബയുടെ മലമടക്കുകളില്‍ പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു.സമുദ്രനിരപ്പില്‍ നിന്നും 850 മീറ്റര്‍ ഉയരത്തിലാണ് പദ്ധതി. നിര്‍മ്മാണ പുരോഗതി യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നേരിട്ട് എത്തി വിലയിരുത്തി.
കല്‍ബയിലെ അല്‍ ദീം മലമുകളില്‍ ആണ് ഷാര്‍ജ ഭരണകൂടം പുതിയ വിനോദകേന്ദ്രം നിര്‍മ്മിക്കുന്നത്.കല്‍ബയിലെ മലനിരകളുടെയും താഴ്‌വാരങ്ങളുടെയും തീരപ്രദേശത്തിന്റെയും കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ കഴിയും വിധത്തിലാണ് പുതിയ കേന്ദ്രം.അല്‍ ദീം പര്‍വ്വതത്തില്‍ രണ്ട് തട്ടായിട്ടാണ് പുതിയ വിനോദകേന്ദ്രം നിര്‍മ്മിക്കുന്നത്.മുകളിലത്തെ തട്ടില്‍ ഒരു റെസ്റ്ററന്റും ഒരു ഓപ്പണ്‍ കഫേയും വായനാമുറിയും ആണ് ഉള്ളത്. താഴത്തെ തട്ടില്‍ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമും ,ഹാളും പ്രാര്‍ത്ഥനാ മുറിയും ആണ് സജ്ജീകരിക്കുന്നത്. ആപ്പിള്‍ അടക്കമുള്ള മരങ്ങളും മുന്തിരിച്ചെടികളും മലമടക്കുകളില്‍ രൂപപ്പെടുത്തിയ തട്ടുകളില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ മരങ്ങള്‍ കായ്ച്ചും തുടങ്ങിയിട്ടുണ്ട്.
പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ ഷാര്‍ജ ഭരണാധികാരിയ ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അല്‍ദീം മലമുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ട് തട്ടുകളും സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി ഷെയ്ഖ് സുല്‍ത്താന് വിശദീകരിച്ചു നല്‍കി. കല്‍ബയുടെ വികസനത്തിനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ ആണ് ഷാര്‍ജ ഭരണകൂടം നടപ്പാക്കുന്നത്. ഇവിടെ തന്നെ 650 മീറ്റര്‍ ഉയരത്തില്‍ ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയവും നൂറ് മുറികള്‍ ഉള്ള ഒരു ഹോട്ടലും ഷാര്‍ജ ഭരണകൂടം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്