ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഹൈബ്രിഡ് വിദ്യാഭ്യാസ മാതൃക പ്രഖ്യാപിച്ച് ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുന്നത് ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പുതിയ തീരുമാനം. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠന രീതി പുനരാവിഷ്‌കരിക്കാനാണ് തീരുമാനം. ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ ജോലിയോടൊപ്പം പഠനം നടത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. ഡോ.ഷെയ്ഖ് സുല്‍ത്താന്റെ തത്സമയ റേഡിയോ പരിപാടിയില്‍ ആണ് വിദ്യാര്‍ത്ഥി ഫോണ്‍ വിളിച്ച് ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്.
തൊഴില്‍ സമയം കഴിഞ്ഞ് സര്‍വ്വകലാശാലയില്‍ എത്താന്‍ സമയം ലഭിക്കുന്നില്ലെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പരാതി. ഇതെ തുടര്‍ന്നാണ് ഹൈബ്രിഡ് പഠനരീതി ഭരണാധികാരി പ്രഖ്യാപിച്ചത്. ആഴ്ചയില്‍ മൂന്ന് ക്ലാസുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. ഒരു ക്ലാസില്‍ നേരിട്ട് പങ്കെടുക്കണം. ഓണ്‍ലൈന്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ച് ഹൈബ്രിഡ് പഠനരീതിയാണ് നടപ്പിലാക്കുക. അടുത്ത സെമസ്റ്റര്‍ മുതലാണ് പുതിയ പഠന മാതൃക നടപ്പിലാക്കുന്നത്. ഹൈബ്രിഡ് പഠനം രീതിക്കായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷ നല്‍കണം. അതേസമയം കോഴ്‌സിന്റെ സ്വഭാവമനുസരിച്ച് മാത്രമായിരിക്കും ഓണ്‍ലൈന്‍ പഠനസമയം ക്രമീകരിക്കുക.