ദുബൈ: ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. മൂന്ന് പ്രധാന നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വികസ പദ്ധതികള്‍ നടപ്പിലാക്കിയത്. അബുദബി ഭാഗത്തേയ്ക്കുള്ള ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും അല്‍മനാറ സ്ട്രീറ്റിനുമിടിയിലാണ് ആദ്യത്തെ പദ്ധതി. അല്‍മനാറയിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ അധികപാത നിര്‍മ്മിച്ചു. ഇതിലൂടെ റോഡിലെ വാഹന ശേഷി മുപ്പത് ശതമാനം വര്‍ദ്ധിപ്പിച്ചതായി ആര്‍ടിഎ അറിയിച്ചു. ദുബൈ മാളിന് സമീപം ഷെയ്ഖ് സായിദ് റോഡില്‍ ഫസ്റ്റ് ഇന്റര്‍ചേഞ്ചിലേക്കുള്ള ഷാംഗ്രി ലാ ഹോട്ടലിനു മുന്നിലെ സര്‍വ്വീസ് റോഡാണ് രണ്ടാമത്തെ വിപുലീകരണം. പദ്ധതി പൂര്‍ത്തിയായതോടെ അല്‍സഫാ സ്ട്രീറ്റിലേക്കും ദുബൈ മാളിലേക്കുള്ളമുള്ള എക്‌സിറ്റിലെ തിരക്ക് കുറക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്തു. അബുദബി ഭാഗത്തേയ്ക്കുള്ള അല്‍ മറാബി സ്ട്രീറ്റിനും അല്‍ മനാറ സ്ട്രീറ്റിനുമിടിയിലാണ് മൂന്നാമത്തെ വിപുലീകരണ പദ്ധതി. ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതത്തിന് മുന്‍ഗണന നല്‍കികൊണ്ട് എമിറേറ്റ്‌സ് റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനാണ് ആര്‍ടിഎ ശ്രമിക്കുന്നതെന്ന് ആര്‍ടിഎ റോഡ്‌സ് ആന്റ് ഫെസിലിറ്റീസ് മെയിന്റനന്‍സ് മേധാവി അബ്ദുള്ള ലൂത്ത അറിയിച്ചു. ബുര്‍ജ് ഖലീഫ, ദുബൈ മാള്‍, ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നിങ്ങനെ പ്രധാനപ്പെട്ട സാമ്പത്തിക, വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ഗതാഗതം ഒരുക്കുന്ന തരത്തിലാണ് നവീകരണം.