കലാപത്തിൽനിന്നുള്ള മോചനം വിദൂര സ്വപ്നമാകുമെന്ന സൂചനകൾ നൽകുന്ന റിപോർട്ടുകൾ ആണ് മണിപ്പൂരിൽ നിന്നും വരുന്നത്. മൂന്നു മാസങ്ങളിലായി നടന്ന കൊടും ക്രൂരതയുടെ വാർത്തകളും ദൃശ്യങ്ങളും പുറത്തു വരുന്നതിനിടയിൽ സംഘർഷങ്ങൾക്കും അയവില്ല.
രാചന്ദ്പൂർ- ബിഷ്‌ണുപൂർ അതിർത്തിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരിൽ അക്രമികൾ സ്‌കൂളിന് തീയിട്ടു.
മണിപ്പൂർ കലാപത്തിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്ക രംഗത്തെത്തി. വീഡിയോയിലൂടെ പുറത്തുവന്ന പീഡനത്തെ ക്രൂരവും ഭയാനകവും എന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചത്. സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു.
കലാപത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പരാജയമാണെന്ന ആക്ഷേപം ശക്തമായിരിക്കെ സംസ്ഥാനത്തെ ഭരണ കക്ഷിയായ ബിജെപിക്കുള്ളിലെ അതൃപ്തി മറനീക്കി പുറത്തു വരികയാണ്. മുഖ്യമന്ത്രി ബിരേന്‍ സിങിന് എതിരെ ബിജെപി എംഎല്‍എ തന്നെ പരസ്യമായി രംഗത്തെത്തി. കലാപത്തിൽ സംസ്ഥാനം ഒത്തുകളിച്ചെന്ന ആരോപണമാണ് പൗലിയൻലാൽ ഹയോകിപ് ഉർത്തുന്നത്. വംശീയകലാപമായി തുടങ്ങിയ ആക്രമണത്തെ പിന്നീട് നാർകോ ഭീകരർക്കെതിരായി ചിത്രീകരിച്ചത്. ഒത്തുകളിയുടെ തെളിവാണെന്ന്, ഇന്ത്യ ടുഡേയിൽപ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം പറയുന്നു. ഇംഫാൽ താഴ്വരയ്ക്കു ചുറ്റുമുള്ള കുകികളുടെ വീടുകളെല്ലാം ആക്രമിക്കാൻ മെയ്തി വിഭാഗക്കാരെ സഹായിക്കാനായാണ് നാർകോ ഭീകരർ എന്ന ചിത്രീകരണം എന്നും അദ്ദേഹം ആരോപിക്കുന്നു.
മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെ കുക്കി ആദിവാസി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് രാജ്യം മുഴുവൻ പ്രതിഷേധം കത്തിപ്പടർന്നു. അത് അണയുംമുമ്പ് ഇംഫാൽ ഈസ്റ്റിൽ രണ്ട് കുക്കി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊന്നുതള്ളിയ വാർത്തയും പുറത്തുവന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് ഭീതിപ്പെടുത്തുന്നതാണ്. പോലീസിന്റെ ആയുധപ്പുരയിൽനിന്ന് കാണാതായ ആറുലക്ഷം വെടിയുണ്ടകളും നാലായിരത്തോളം ആയുധങ്ങളും കലാപകാരികൾ മടക്കിനൽകിയില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിൽ 2900 മാരകശേഷിയുള്ള ആയുധങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്.
മരണം 160 കടന്നിരിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ബലിയാടാക്കിയാണ് ആക്രമണങ്ങൾ അത്രയും നടക്കുന്നത്.