നിപായിൽ രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസം നൽകുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കണക്കുകൂട്ടൽ. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുള്ള ഒമ്പത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തിരുവനന്തപുരത്ത് നിപ രോഗമുണ്ടെന്ന് സംശയിച്ച രണ്ടാമത്തെ ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
എന്നാൽ കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേന്ദ്രസംഘം കോഴിക്കോട് തുടരുന്നുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോര്‍ജും കോഴിക്കോടുണ്ട്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് കോഴിക്കോടെത്തും. നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സാമ്പിളുകൾ ശേഖരിക്കും.
നിലവിൽ 1233 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 27 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിൽ സന്ദർശിച്ച് വിശദമായ പഠനം നടത്തും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്ന് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.
തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ലാബും പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബും കോഴിക്കോട്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും അതനുസരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.