സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനവില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 50 യൂണിറ്റ് ഉപയോഗിക്കുന്നവർ അധികമായി യൂണിറ്റിന് അഞ്ച് പൈസ നല്‍കണം. നിലവില 35 പൈസയാണ് യൂണിറ്റിന് നല്‍കുന്നത്. അത് 40 പൈസയായി ഉയരും.
2023 നവംബർ ഒന്ന് മുതൽ 2024 ജൂൺ 30 വരെയാണ് നിരക്ക് വർധന പ്രാബല്യത്തിലാകുക. 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിലവില്‍ 193 രൂപയാണ് നിലവിലെ നിരക്ക്. അവര്‍ക്ക് 3.95 പൈസയാണ് യൂണിറ്റിന് ഈടാക്കുന്നത്. പുതുക്കിയ താരിഫ് പ്രകാരം 4.5 രൂപയാകും. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസയാണ് കൂടിയത്. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 20 പൈസ അധികം നല്‍കണം.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍-ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനാഥാലായങ്ങള്‍, വൃദ്ധ സദനങ്ങള്‍, ഐടി- ഐടി അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് താരിഫ് വര്‍ധനവില്ല. 2023-24 വര്‍ഷത്തെ കമ്മി 720 കോടിയാണെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്. അതിനാൽ 28 പൈസയെങ്കിലും യൂണിറ്റിന് വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കിലും 20 പൈസ മാത്രം വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.