സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുളള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുളള ചർച്ച നടക്കും. സാമ്പത്തിക അവലോകന റിപ്പോർട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. നിയമസഭാ സമ്മേളനം മാര്‍ച്ച് 27 വരെ നീളുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.
ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് വീണ്ടും ചേരും. ഫെബ്രുവരി 14 വരെ ബജറ്റിന്മേലുളള ചർച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. മാർച്ച് ഒന്ന് മുതൽ 27 വരെയുളള ദിവസങ്ങളിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ സമ്മേളനം വെട്ടിച്ചുരുക്കി വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ നേരത്തേ പിരിയും.
പുതുവർഷത്തിലെ ആദ്യസഭാ സമ്മേളനമാണ് ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നത്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കവെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്താൻ വരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. പ്രസംഗിക്കാനെത്തുമ്പോൾ ഗവർണ്ണർക്കെതിരെ ഭരണ-പ്രതിപക്ഷ പ്രതിഷേധം ഉയർന്നേക്കാം. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണ്ണർക്കെതിരെ വിമർശനങ്ങൾ ഉയരാനും സാധ്യതയുണ്ട്. സർക്കാർ തയാറാക്കി നൽകുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര വിമർശനം ഉൾപ്പെടെയുള്ളവ കടന്നുവന്നേക്കാം. ഇതിൽ ഗവർണർ ഏതെങ്കിലും ഭാഗം വായിക്കാതെ വിടുമോ എന്നതടക്കം നിർണായകമാണ്.
നവകേരള സദസ്സും അതിനിടയിലുണ്ടായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും സാമ്പത്തിക പ്രശ്നവും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വരെ ഉള്ള സംഭവങ്ങളും സഭയിൽ ചർച്ചയായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുളള ബജറ്റ് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.