യുഎഇയിലെ സര്‍ക്കാര്‍ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്യോഗസ്ഥ മേധാവിത്വം കുറയ്ക്കുന്നതിനുമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും. സര്‍ക്കാര്‍ വകുപ്പുകള്‍ അനവാശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കണം എന്ന് ഷെയ്ഖ് മുഹമ്മദ് നിര്‍ദ്ദേശം നല്‍കി. സേവനനിലവാരം വര്‍ദ്ധിപ്പിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ബോണസും പ്രഖ്യാപിച്ചു.യുഎഇ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി പ്രകാരം ആണ് രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാര വര്‍ദ്ധനയ്ക്കുള്ള പദ്ധതി നടപ്പാക്കുന്നത്.
സര്‍ക്കാര്‍ സേവന മേഖലയിലെ അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ രണ്ടായിരത്തോളം അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കണം എന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് എടുക്കുന്ന സമയം പകുതിയായി വെട്ടിക്കുറയ്ക്കണം. മുപ്പതോളം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാന്നിധ്യത്തിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എടുക്കുന്ന സമയം വെട്ടിക്കുറയ്ക്കുന്നിതിനുമുള്ള പദ്ധതി ആരംഭിച്ചത്.
അനാവശ്യ നടപടിക്രമങ്ങളില്‍ കുറവ് വരുത്തുന്ന ഉദ്യോഗസ്ഥ സംഘത്തിനും ഉദ്യോഗസ്ഥര്‍ക്കും ഒരു ദശലക്ഷം ദിര്‍ഹത്തിന്റെ വരെ വാര്‍ഷിക ബോണസും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സേവനരംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതും രാജ്യത്തെ ജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മികച്ച സേവനം ലഭ്യമാക്കുകയും ആണ് ലക്ഷ്യം എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.