സല്‍മാന്‍ രാജാവിന്റെയും കിരീടവകാശിയുടെയും അസാന്നിധ്യത്തിലും സൗദി മന്ത്രിസഭ ചേരുന്നത് അനുമതി. സല്‍മാന്‍ രാജാവാണ് ഇത് സംബന്ധിച്ച രാജകല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നത്. മന്ത്രിസഭാ നിയമത്തിലെ ഏഴാം വകുപ്പില്‍ ഇളവ് വരുത്തിയാണ് പുതിയ തീരുമാനം.സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് മന്ത്രിസഭാ നിയമത്തില്‍ ഇളവുവരുത്തിക്കൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്.
സൗദി ഭരണാധികാരിയുടെയും കിരീടവകാശിയുടെയും അസാന്നിധ്യത്തില്‍ മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ക്യാബിനറ്റ് ചേരാം എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.മന്ത്രിസഭാ അംഗങ്ങളില്‍ അബ്ദുള്‍ അസിസ് രാജാവിന്റെ പൗത്രന്‍മാരില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ യോഗത്തിന് അധ്യക്ഷത വഹിക്കണം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. മന്ത്രിസഭാ തീരുമാനങ്ങളില്‍ അധ്യക്ഷത വഹിക്കുന്ന അംഗം ഒപ്പുവെയ്ക്കണം.
അബ്ദുല്‍ അസീസ് രാജാവിന്റെ ഏഴ് പൗത്രന്‍മാര്‍ നിലവില്‍ സൗദി മന്ത്രിസഭയില്‍ അംഗങ്ങളാണ്.ഭരണനിര്‍വഹണം സംബന്ധിച്ച അടിസ്ഥാനം നിയമം പരിശോധിച്ചതിന് ശേഷം പൊതുതാത്പര്യാര്‍ത്ഥം ആണ് സല്‍മാന്‍ രാജാവ് മന്ത്രിസഭാ നിയമത്തില്‍ മാറ്റം വരുത്തിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിലവില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ആണ് സൗദി മന്ത്രിസഭ ചേരുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് സല്‍മാന്‍ രാജാവ് പങ്കെടുത്തത്.