അബുദബി: യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയില്‍ എണ്ണേതര മേഖലകള്‍ ശക്തമായ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടുകള്‍. വിവിധ മേഖലകളുടെ കാലാനുസൃതമായ വളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക പുരോഗതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് കാലത്തിനു ശേഷം രാജ്യം എണ്ണഇതര മേഖലയില്‍ സാമ്പത്തികമായി വലിയ നേട്ടം കൈവരിച്ചതായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി. ഉയര്‍ന്ന നിക്ഷേപം, ടൂറിസം വളര്‍ച്ച, പുതിയ ഓര്‍ഡറുകള്‍ എന്നിവയുടെ വലിയ വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗം അതിവേഗം വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എണ്ണേതര മേഖലകള്‍ കോവിഡ് കാലത്തിനു ശേഷം ഉയര്‍ന്ന സ്ഥിരത കൈവരിച്ചതായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. പ്രതിമാസ എസ് ആന്റ് പി ഗ്ലോബല്‍ യുഎഇ പിഎംഐ സൂചിക ഓഗസ്റ്റില്‍ 55.0 ല്‍ എത്തി. വിവിധ മേഖലകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പുതിയ സംരംഭങ്ങള്‍, ഉത്പന്നം, തൊഴില്‍, വിതരണം, സംഭരണം എന്നിങ്ങനെ അഞ്ച് സൂചികകളുടെ ശരാശരി വിലയിരുത്തിയാണ് ഓഗസ്റ്റിലെ പി എം ഐ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.
എണ്ണേതര സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തു പകരുമെന്നാണ് വിലയിരുത്തല്‍. 2020 മുതല്‍ വ്യവസായ രംഗം മെച്ചപ്പെട്ട നിലയിലാണ് മുമ്പോട്ട് പോകുന്നത്. പുതിയ സംരംഭങ്ങള്‍, ടൂറിസം നിക്ഷേപം എന്നിവ പുരോഗതിയുടെ പാതയിലാണെന്ന് സൂചികകള്‍ വ്യക്തമാക്കുന്നുണ്ട്. പാന്‍ഡെമിക് വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് യുഎഇ. യുഎഇ സമ്പദ്‌വ്യവസ്ഥ 2022ല്‍ 7.9 ശതമാനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.