പ്രശസ്ത എഴുത്തുകാരി പി വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന് കോഴിക്കോടാണ് പി വത്സലയുടെ ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. “നിഴലുറങ്ങുന്ന വഴികൾ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
“നെല്ല്” ആണ് വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. പ്രദർശനത്തിനു എത്തുന്ന “ഖിലാഫത്ത്” എന്ന ചലച്ചിത്രം വത്സലയുടെ ‘വിലാപം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്.
പ്രധാന കൃതികൾ:
എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണ്ണകഥകൾ, വേറിട്ടൊരു അമേരിക്ക, റോസ്മേരിയുടെ ആകാശങ്ങൾ, അശോകനും അയാളും, വത്സലയുടെ സ്ത്രീകൾ, മൈഥിലിയുടെ മകൾ, പേമ്പി, ആദി ജലം, നെല്ല് (നോവൽ), കൂമൻ കൊല്ലി, വിലാപം, നിഴലുറങ്ങുന്ന വഴികൾ, പോക്കുവെയിൽ പൊൻവെയിൽ