കേരളത്തിലെ ചലച്ചിത്ര രംഗത്തെ ലൈംഗിക ചൂഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കും. പരാതിക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. പരാതിക്കാര്‍ ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കാനും ആണ് തീരുമാനം.
ഡിജിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം ആണ് ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നിയമോപദേശവും സര്‍ക്കാര്‍ തേടിയിരുന്നു.
ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ആണ് സര്‍ക്കാര്‍ രുപീകരിക്കുന്നത്. ഡിഐജി എസ്.അജിതാ ബീഗം,ക്രൈംബ്രാഞ്ച് എസ്.പി മെറിന്‍ ജോസഫ്,
കോസ്റ്റല്‍ പൊലീസ് എഐജി ജി.പൂങ്കുഴലി തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും. ഏഴംഗ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം ആണ് പരാതികളില്‍ അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിന് മേല്‍നോട്ടം വഹിക്കും. ആദ്യഘട്ടത്തില്‍ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആണ് നടത്തുക.
ലൈംഗീക പീഢനപരാതികള്‍ ഉന്നയിച്ച സ്ത്രീകളെ അന്വേഷണസംഘം ബന്ധപ്പെടും. പരാതികളുമായി മുന്നോട്ട് പോകാന്‍ തയ്യാറെങ്കില്‍ മൊഴി രേഖപ്പെടുത്തി തുടരന്വേഷണം നടത്തുന്നതിനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ സംവിധായകന്‍ രഞ്ജിത്തിന് എതിരെയും നടന്‍ സിദ്ദീഖിന് എതിരെയും ഉയര്‍ന്ന പരാതികളില്‍ ആണ് അന്വേഷണം നടത്തുക.