സിറിയയില്‍ വീണ്ടും ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്നു.പുറത്താക്കപ്പെട്ട മുന്‍പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍.സംഘര്‍ഷങ്ങളില്‍ 180 പേര്‍ കൊലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ലതാകിയ അടക്കമുള്ള പടിഞ്ഞാറന്‍ തീരദേശ മേഖലകളില്‍ നിന്നും ആരംഭിച്ച സംഘര്‍ഷം സിറിയയുടെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.അസദ് അനുകൂലികളുടെ നിയന്ത്രണത്തിലുളള പ്രദേശം ആണ് ലതാകിയ.ഇവിടെ സിറിയന്‍ സേന വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ലതാകിയയിലെ ജബ്ലേയില്‍ ആണ് രണ്ട് ദിവസം മുന്‍പ് സംഘര്‍ഷം ആരംഭിച്ചത്.അസദ് അനുകൂലികള്‍ സുരക്ഷാ സേനയുടെ ചെക്ക്‌പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം.സിറിയയിലെ ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിലെ അലവി ഉപവിഭാഗത്തില്‍ നിന്നുള്ളവര്‍ ആണ് സൈന്യവുമായി ഏറ്റുമുട്ടുന്നത്.
ഇതെ വിഭാഗത്തില്‍ നിന്നുള്ള ആളാണ് മുന്‍പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്.അസദിന്റെ പതനത്തിന് ശേഷം അലവി വിഭാഗക്കാര്‍ക്ക് എതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു.പടിഞ്ഞാറന്‍ പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.ഹയാത് തഹരീര്‍ അല്‍ഷംസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്.എച്ച്.ടി.എസിന്റെ നേതാവായിരുന്ന അഹമ്മദ് അല്‍ ഷാരയാണ് നിലവില്‍ സിറിയയുടെ ഇടക്കാല പ്രസിഡന്റ്.