സിറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു. നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായാണ് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. മാർ ജോർജ് ആലഞ്ചേരി സ്വയം വിരമിച്ച ഒഴിവിലേക്കാണ് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് 2.30 ന് നടക്കും.
തെരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആർച്ച് ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. തൃശ്ശൂർ ബസലിക്കാ ഇടവകാംഗമാണ് അദ്ദേഹം. തന്നിലേൽപ്പിച്ച ദൗത്യം ദൈവനിയോഗമാണെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മെത്രാൻ സ്വകാര്യ സ്വത്തല്ല. എല്ലാവരും ഒരുമിച്ച് നിൽക്കണം. എല്ലാവരുടെയും സഹായം വേണമെന്നും മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ട് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും ആശംസ അറിയിച്ചു. പുതിയ ബിഷപ്പിന് മാർ ജോർജ് ആലഞ്ചേരി അഭിവാദ്യമർപ്പിച്ചു.