സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും മകളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം എടുത്തു. തിരുവനന്തപുരം ലോ കോളജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം നേടി.
സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിതയും ഫാത്തിമ ബീവിയാണ്. വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ അവർക്ക് രണ്ടാമത്ത ഉയർന്ന കേരള പ്രഭ അവാർഡ് നൽകി സർക്കാർ ആദരിച്ചു.
കേരള ലോവർ ജുഡീഷ്യറിയിലാണ് ഫാത്തിമ ബീവി കരിയർ ആരംഭിച്ചത്. 1958 മേയിൽ കേരള സബ് ഓർഡിനേറ്റ് ജുഡീഷ്യൽ സർവീസസിൽ മുൻസിഫായി നിയമിതയായി. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജിയായും 1972 ൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായും 1974 ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു. 1983 ആഗസ്റ്റ് നാലിന് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 മെയ് 14 ന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 1989 ഏപ്രിൽ 29 ന് ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ശേഷം 1989 ഒക്ടോബർ ആറിന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.