ഇന്ന് 78 എംപിമാർക്ക് സസ്പെൻഷൻ; കെസി, ജയറാം രമേശ്, ബിനോയ് വിശ്വവും പുറത്ത്പാർലമെന്‍റിൽ പ്രതിപക്ഷ എം പിമാർക്കെതിരെ കൂട്ടനടപടി. പാർലമെന്‍റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ഇന്നും ലോക്സഭയിലും രാജ്യസഭയിലും ഉയർത്തി പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളടക്കമുള്ളവർക്കെതിരെയാണ് നടപടി.
പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78 എം പിമാര്‍ക്കാണ് ഒരു ദിവസം കൂട്ട സസ്പെന്‍ഷന്‍ നൽകിയിരിക്കുന്നത്. ആദ്യം ലോക് സഭയില്‍ 33 എംപിമാരെ ആദ്യം സസ്പെന്‍ഡ് ചെയ്യ്തു. പിന്നാലെ രാജ്യസഭയില്‍ 45 എം പിമാരെയും സസ്പെൻഡ് ചെയ്തു. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി. കോൺഗ്രസിന്‍റെ ലോക്സഭ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള എം പിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. പതിനൊന്ന് പേര്‍ക്ക് മൂന്ന് മാസവും മറ്റുള്ളവര്‍ക്ക് സഭ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരെയുമാണ് സസ്പെന്‍ഷന്‍. മൂന്ന് മാസത്തേക്ക് സസ്പെന്‍ഷനിലായവർക്ക് ഉള്ള തുടര്‍നടപടി എത്തിക്സ് കമ്മിറ്റി തീരുമാനിക്കും.
കേരളത്തിൽ നിന്നുള്ള നിരവധി എം പിമാരും സസ്പെൻഷൻ ലഭിച്ചവരിൽ ഉണ്ട്. കെ മുരളീധരൻ, ആന്‍റോ ആന്‍റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, ബിനോയ് വിശ്വം, സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ, ജെബി മേത്തർ എന്നിവരാണ് സസ്പെൻഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള എം പിമാർ.
സുരക്ഷ വീഴ്ചയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സഭാധ്യക്ഷന്മാര്‍ അവകാശപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ലോക്സഭ സ്പീക്കറും, രാജ്യസഭ ചെയര്‍മാനും സുരക്ഷ വീഴ്ചയില്‍ അന്വേഷണം തുടരുകയാണെന്ന് ഇന്നും സഭയെ അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭ നാല് തവണയും രാജ്യസഭ മൂന്ന് തവണയും തടസ്സപ്പെട്ടു.
മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടത്. എല്ലാ ജനാധിപത്യ മര്യാദകളും ചവറ്റുകൊട്ടയിലേക്ക് എറിയുന്ന ഏകാധിപത്യ സർക്കാർ നടപടിയാണ് എം പിമാർക്കെതിരായ സംസ്പെൻഷനെന്നും അദ്ദേഹം പറഞ്ഞു. ചാനലിനും പത്രത്തിനും അഭിമുഖം നല്‍കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമന്‍റിനോട് ഉത്തരവാദിത്വമില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.