വേനല്‍ക്കാലത്തിന്റെ സമാപന സൂചനയായി യുഎഇയിലും സുഹൈല്‍ നക്ഷത്രം ദൃശ്യമായി.എന്നാല്‍ പെട്ടെന്ന് ചൂട് കുറയില്ല. നാല്‍പ്പത് ദിവസത്തിനുള്ളില്‍ ചൂട് കാര്യമായി എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നത്.ഇന്നലെ പുലര്‍ച്ചെ 5.20-ന് യുഎഇ ആകാശത്ത് സുഹൈല്‍ നക്ഷത്രം ദൃശ്യമായെന്നാണ് എമിറേറ്റ്‌സ് ആസ്‌ട്രോണമി സൊസൈറ്റി വ്യക്തമാക്കുന്നത്. സുഹൈല്‍ ദൃശ്യമാകുന്നതിന് പിന്നാലെ രാത്രികളിലെ താപനില കുറഞ്ഞു തുടങ്ങും.ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ആദ്യ സൂചനയായിട്ടാണ് വിലയിരുത്തുന്നത്.
രാത്രി താപനിലയ്ക്ക് ഒപ്പം വരും ആഴ്ച്ചകളില്‍ പകല്‍ താപനിലയും കുറഞ്ഞു തുടങ്ങും. ഒക്ടോബര്‍ പകുതിയോട് കൂടിയായിരിക്കും താപനിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുക. സുഹൈല്‍ നക്ഷത്രം ഉദിച്ച് നൂറ് ദിവസം പിന്നിടുമ്പോള്‍ ആണ് രാജ്യം ശൈത്യകാലത്തേക്ക് കടക്കുക.യുഎഇയില്‍ നിലവില്‍ കൊടുംചൂടിന് അല്‍പം ശമനമുണ്ടായിട്ടുണ്ട്. അന്തരീക്ഷ ഈര്‍പ്പത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്.46.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇന്നലെ ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു.