വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതിയെന്നു സംശയിക്കുന്നയാളാണു പിടിയിലായതെന്നാണു സൂചന. കസ്റ്റഡിയിലുള്ള ഇയാളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.ബാന്ദ്രാ പൊലീസാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇയാളെ സ്റ്റേഷനില്‍ എത്തിക്കുന്ന വിഡിയോ പുറത്തുവന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നാണു വിവരം. ഇയാളാണോ സെയ്ഫിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതും കുത്തിയതും എന്നു സ്ഥിരീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിനു ശേഷം വേഷം മാറി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു.
20 സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റില്‍ സെന്റ് തെരേസാ സ്‌കൂളിനു സമീപമുള്ള സദ്ഗുരു ശരണ്‍ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളില്‍ 10000 ചതുരശ്ര അടി വസതിയിലാണു താരകുടുംബം താമസിക്കുന്നത്. അതേസയം സെയ്ഫ് അലിഖാന്‍ അപകടനില തരണം ചെയ്തതായി ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നടിയുടെ സെയ്ഫ് അലിഖാന്റെ ഭാര്യയുമായ കരീന കപൂര്‍ ആവശ്യപ്പെട്ടു.