ദുബൈയില്‍ സേവനങ്ങള്‍ എല്ലാം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്. സ്മാര്‍ട്ട് സേവനങ്ങളില്‍ വര്‍ഷം തോറും 19 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തുന്നത്. പാര്‍ക്കുകളില്‍ സ്മാര്‍ട്ട് ടിക്കറ്റിംഗ് ആപ്പ് ആണ് പുതിയ പദ്ധതി. പുതിയ ഡിജിറ്റല്‍ സംവിധാനത്തിന്റെ ആദ്യഘട്ടം അടുത്തമാസം ആരംഭിക്കും. ദുബൈയുടെ ഭരണാധികാരികള്‍ വിവിധ മേഖലകളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത്. മാറ്റത്തിനനുസൃതമായി സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതോടെ താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതായാണ് വിലയിരുത്തല്‍. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം സ്മാര്‍ട്ടായി മാറി കഴിഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിലാണ് മുനിസിപ്പാലിറ്റിയുടെ ഡിജിറ്റല്‍ സംവിധാനം രൂപപ്പെട്ടതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി പറഞ്ഞു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.