സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സോളാർ കേസ് പരാതിക്കാരി ഒന്നാം പ്രതിയും കെ ബി ഗണേശ് കുമാർ എംഎൽഎ രണ്ടാം പ്രതിയുമാണ്. പ്രതികൾക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ തെളിവില്ലെന്ന് നേരത്തെ സിബിഐ വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയിരുന്നു. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കോൺഗ്രസ്സ് തീരുമാനിച്ചത്. ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ.
അതേസമയം സംഭവത്തിൽ ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഉള്ള തീരുമാനത്തിലാണ് യുഡിഎഫ്.ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. തീരുമാനം. മന്ത്രിസഭാ പുനഃസംഘടനയിൽ ഗണേഷ് കുമാർ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഗണേഷ് കുമാറിനെതിരായ നിലപാട് കടുപ്പിക്കുന്നത്.