സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ അടിയന്തര പ്രമേയ നോട്ടീസില്‍ ഇന്ന് ചര്‍ച്ച. ഉച്ചക്ക് ഒരു മണിക്കാണ് പ്രതിപക്ഷത്തിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ചര്‍ച്ച നടക്കുക. ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. ഒരു മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച നടക്കുക.
ഷാഫി പറമ്പിലിന്റെ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ഇല്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്നാണ് രണ്ടു മണിക്കൂര്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയത്.
സോളാര്‍ ലൈംഗിക പീഡനക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട്. പുറത്തുവന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സാമ്പത്തികനേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു അതെന്നുമാണ് കണ്ടെത്തൽ. കെ.ബി. ഗണേഷ് കുമാര്‍, ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ എന്നിവര്‍ ഇടപെട്ടുവെന്നുമാണ് റിപ്പോർട്ട്.