രാജ്യാന്തരബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഭൂമിയിലേക്ക് മടങ്ങുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളില്‍ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശ നിലയത്തിലെ പുതിയ അംഗങ്ങള്‍ നെയാദിക്കും സംഘത്തിനും ഇന്ന് യാത്രയയ്പ്പ് നല്‍കും. തിരികെ മടങ്ങുമ്പോള്‍ ധരിക്കേണ്ട സ്‌പെയ്‌സ് സ്യൂട്ടിന്റെ ക്ഷമത അടക്കം പരിശോധിച്ച് ഉറപ്പാക്കി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് നെയാദി സ്‌പെയ്‌സ് സ്യൂട്ട് ധരിക്കുന്നത്.ആറ് മാസക്കാലം കൊണ്ട് ശരീരത്തിന് മാറ്റമുണ്ടായാല്‍ സ്‌പെയ്‌സ് സ്യൂട്ട് പാകമാകില്ല. അതുകൊണ്ടാണ് യാത്രയ്ക്ക് മുന്‍പ് പരിശോധന നടത്തിയത്.
മടക്കയാത്രയ്ക്ക് മുന്‍പ് ബഹിരാകാശനിലയത്തില്‍ താമസിച്ചിരുന്ന മുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളും നെയാദി ട്വിറ്ററിലൂടെ പങ്കുവെയ്ച്ചു.
തലമുടിയും പൊടിപടലങ്ങളും അടക്കമുള്ളവ നീക്കിയാണ് മുറി വൃത്തിയാക്കിയത്. ഇതുവരെ ഉപയോഗിച്ചിരുന്ന മുറി പുതിയതായി എത്തിയവര്‍ക്ക് കൈമാറും മുന്‍പായിരുന്നു വൃത്തിയാക്കല്‍. തിരികെ മടങ്ങും വരെ മറ്റൊരു താത്കാലിക സംവിധാനത്തിലായിരിക്കും നെയാദി ഉറങ്ങുക. മടക്കയാത്രയ്ക്ക് മുന്‍പായി രക്തസാമ്പിളുകള്‍ ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും സുല്‍ത്താന്‍ അല്‍ നെയാദി പങ്കുവെയ്ച്ചിട്ടുണ്ട്.
ഇന്ന് രാത്രിയാണ് നെയാദിക്കും സംഘത്തിനും ബഹിരാകാശ നിലയത്തില്‍ യാത്രയയ്പ്പ് നല്‍കുക. ശനിയാഴ്ചയാണ് നെയാദിയും സംഘവും ഭൂമിയിലേക്ക് മടങ്ങുക. സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്,ആേ്രന്ദ ഫെദ്‌യേവ് എന്നിവരാണ് നെയാദിക്കൊപ്പം ഭൂമിയിലേക്ക് മടങ്ങുക.ഞായറാഴ്ചയാണ് സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയില്‍ മടക്കി എത്തുക.