കളമശേരി സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിന് അന്വേഷണ സംഘം നടപടികൾ തുടങ്ങി. യഹോവ സാക്ഷികളുടെ കൺവൻഷനിൽ പങ്കെടുത്ത ചിലർ ഡൊമിനിക് മാർട്ടിനെ കണ്ടതായി അറിയിച്ചു. ഇവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കുകയാണ്. തിരിച്ചറിയൽ പരേഡിന് കോടതി അനുമതി ലഭിച്ചശേഷം ഇവരോട് ഹാജരാകാൻ ആവശ്യപ്പെടും. കാക്കനാട്ടെ ജില്ലാ ജയിലിലായിരിക്കും തിരിച്ചറിയൽ പരേഡ്.
പ്രതി ഡൊമിനിക്ക് മാർട്ടിൻ ഒറ്റക്കാണ് കൃത്യം നിർവഹിച്ചത് എന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. എന്നാൽ പ്രതിയുടെ മൊഴിയിൽ ഉള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇയാൾ പറഞ്ഞ കാര്യങ്ങളിൽ ലഭ്യമായ തെളിവുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതിയുടെ കോൾ ലിസ്റ്റ്, കൺവൻഷൻ സെന്ററിലെ സി സിടിവി ദൃശ്യങ്ങൾ, മൊബൈലിൽ പകർത്തിയ സ്ഫോടന ദൃശ്യങ്ങൾ എന്നിവയുടെ പരിശോധനയാണ് പുരോഗമിക്കുന്നത്. ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കും.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെൻ്ററിൽ എത്തിച്ച് തെളിവെടുക്കും. ഇതിനുള്ള നടപടി ആരംഭിച്ചു.ബോംബ് ഉണ്ടാക്കാനുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും വാങ്ങിയത് കുട്ടികൾക്ക് കളിപ്പാട്ടം നിർമിക്കാനെന്ന പേരിലാണെന്ന് ഇയാൾ മൊഴി നൽകി. അന്വേഷണത്തിൽ സൈബർ വിദഗ്ധരുടെ സഹായം തേടും.