യുഎഇയില്‍ സ്വര്‍ണ്ണത്തിന്റെ വില വീണ്ടും വര്‍ദ്ധിച്ചു. ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 305 ദിര്‍ഹമായി ഉയര്‍ന്നു. കേരളത്തില്‍ 53720 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.കഴിഞ്ഞ രണ്ട് ദിവസമായി കാര്യമായ മാറ്റമില്ലാതിരുന്ന സ്വര്‍ണ്ണവില ഇന്ന് വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുകയാണ്.
ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം 282 ദിര്‍ഹം അന്‍പത് ഫില്‍സായും ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 273 ദിര്‍ഹം അന്‍പത് ഫില്‍സായും വര്‍ദ്ധിച്ചു. രാജ്യാന്തരവിപണിയിലെ ചലനങ്ങള്‍ ആണ് യുഎഇയുടെ ആഭ്യന്തരവിപണിയിലും സ്വര്‍ണ്ണവില വര്‍ദ്ധനയ്ക്ക് കാരണം. 2518 ഡോളറിലേക്കാണ് ഇന്ന് രാജ്യാന്തരവിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ചത്. അമേരിക്ക കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചേക്കും എന്ന പ്രതീക്ഷകളാണ് സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ എത്തിക്കുന്നതും ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതും.
സെപ്റ്റംബര്‍ പതിനേഴ് പതിനെട്ട് തീയതികളില്‍ ആണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണ്ണായക യോഗം.തീരുമാനങ്ങള്‍ സെപ്റ്റംബര്‍ പതിനെട്ടിന് പ്രഖ്യാപിക്കും.അടിസ്ഥാന പലിശനിരക്കുകള്‍ കുറച്ചേക്കും എന്നാണ് സൂചന.എങ്കില്‍ സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിക്കും.