സൗദി അറേബ്യയില്‍ കെട്ടിട വാടക ഈജാര്‍ പ്ലാറ്റ്‌ഫോം വഴി നല്‍കണം എന്ന നിബന്ധന പ്രാബല്യത്തില്‍. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. പുതിയ കരാറുകള്‍ക്ക് ഇലക്ട്രോണിക് രസീതുകള്‍ നല്‍കുന്നത് വൈകാതെ നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി റിയല്‍ എസ്‌റ്റേറ്റ് അഥോറിട്ടിയാണ് വാടകകരാര്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴി മാത്രമാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും ഇടപാടുകളുടെ കൃത്യതയ്ക്കും വേണ്ടിയാണ് പുതിയ നടപടി.
ഈജാര്‍ പോര്‍ട്ടല്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ എണ്‍പത് ലക്ഷത്തിലധികം വാടകക്കരാറുകള്‍ പോര്‍ട്ടല്‍ വഴി പൂര്‍ത്തിയാക്കിയതായാണ് കണക്ക്. ഇതില്‍ അറുപത്തിയാറ് ലക്ഷത്തോളം താമസകെട്ടിടങ്ങളുടെ കരാറാണ് . പതിമൂന്ന് ലക്ഷം വാണിജ്യ കെട്ടിടങ്ങളുടെയും കരാറുകളും ഈജാര്‍ പ്ലാറ്റ് ഫോമില്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് പ്രതിദിനം ഇരുപതിനായിരത്തോളം കരാറുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ ബന്ധപ്പെട്ട കക്ഷികള്‍ സമര്‍പ്പിക്കുന്ന രേഖകളുടെ ആധികാരികത സര്‍ക്കാര്‍ വകുപ്പുകളില്‍ പരിശോധിക്കുന്നതിനും ഈജാര്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കരാറുകള്‍ ഈജാര്‍ പോര്‍ട്ടല്‍ വഴി അറ്റസ്റ്റ് ചെയ്യുകയും ചെയ്യാം.