സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാകുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി പൗരന്‍മാരുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നു. നാഷ്ണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി പുറത്ത് വിട്ട കണക്കിലാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വ്യക്തമാക്കുന്നത്.
സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമായതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്‍മാരുടെ എണ്ണം വലിയ തോതില്‍ കൂടിയതായും നാഷ്ണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി പുറത്തിവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി പൗരന്‍മാരുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നു. 2022ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവനക്കാരുടെ എണ്ണം 2,10,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദത്തിലെ സ്വദേശിവല്‍ക്കരണ റിപ്പോര്ട്ട് പ്രകാരം സ്വദേശികളായ സ്ത്രീപുരുഷ ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. മൊത്തം സ്വദേശിവല്‍ക്കരണ നിരക്ക് 22.3 ശതമാനത്തിലെത്തി.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഉയര്‍ന്ന സ്വദേശിവല്‍ക്കരണം രേഖപ്പെടുത്തിയത്. മക്കയില്‍ 24 ശതമാനവും റിയാദിലും മദീനയിലും 21 ശതമാനവുമാണ് സ്വദേശിവല്‍ക്കരണ തോത്. വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍സ് മേഖലയിലാണ് പുരുഷന്‍മാര്‍ കൂടുതലും ജോലിയില്‍ പ്രവേശിച്ചത്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ഹദ്ഫ വിഭാഹം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനും പരിശീലനം നല്‍കാനും സഹായം നല്‍കി വരുന്നുണ്ട്.