ഗാസയില്‍ ഹമാസിന്റെ അന്ത്യം ആരംഭിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഹമാസ് തീവ്രവാദികള്‍ കീഴടങ്ങിക്കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടു. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനെണ്ണായിരം കവിഞ്ഞു.
ഗാസ യുദ്ധം വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന.യുദ്ധം പൂര്‍ണ്ണശേഷിയിലേക്ക് കടന്നിരിക്കുകയാണ്. ഹമാസിനെ പൂര്‍ണ്ണമായും തകര്‍ക്കണം എങ്കില്‍ ഇനിയും സമയം വേണ്ടിവരും. പക്ഷെ ഹമാസിന്റെ അന്ത്യം ആരംഭിച്ചുകഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. ഡസ്സന്‍ കണക്കിന് ഹമാസ് തീവ്രവാദികളാണ് ആയുധം താഴെ വെച്ച് കീഴടങ്ങുന്നത്. ഹമാസിന് വേണ്ടി ജീവന്‍ കളയാതെ കീഴടങ്ങാന്‍ പോരാളികളോട് ബെന്യാമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തു. വടക്കന്‍ ഗാസ പൂര്‍ണ്ണമായും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് എത്തുകയാണെന്നും സേന അവകാശപ്പെടുത്തുന്നുണ്ട്. അതെസമയം ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ ഒരു ബന്ദിയെ പോലും മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീഷണി മുഴുക്കി.
ഗാസയില്‍ ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ പതിനെണ്ണായിരം പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കന്‍ ഗാസയില്‍ മാത്രം അന്‍പതിനായിരത്തോളം പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റിരിക്കുന്നത്. ഇതില്‍ എണ്ണായിരത്തോളം പേര്‍ക്ക് അടിയന്തരമായ ചികിത്സ വേണ്ടവരാണ്. ഗാസയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ ജനറല്‍ അസംബ്ലി നാളെ യോഗം ചേരുന്നുണ്ട്