ഹരിയാനയിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലും ഉത്തർപ്രദേശിലും ജാഗ്രതാ നിദേശം നൽകി. ഹരിയാനയുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കലാപം പടരാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ആരാധനാലയങ്ങൾക്ക് സുരക്ഷയൊരുക്കാൻ പോലീസ് നിർദേശം നൽകി.
ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും രണ്ടുദിവസമായി തുടരുന്ന വർഗീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായതായാണ് റിപോർട്ടുകൾ. മരിച്ചവരിൽ രണ്ട് ഹോംഗാർഡുകളും ഉൾപ്പെടും. ഡൽഹിക്ക് സമീപം ഗുഡ്‌ഗാവിൽ തിങ്കളാഴ്‌ച രാത്രി ഒരു പള്ളി അക്രമികൾ കത്തിച്ചു. പള്ളി ഇമാം വെടിയേറ്റ് മരിച്ചു. അക്രമം ഗുരുഗ്രമിലേക്കും പടർന്നു. അക്രമങ്ങളിൽ നൂഹ് പോലീസ് 116 പേരെ അറസ്റ്റ് ചെയ്തു. 26 എഫ് ഐ ആർ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നൂഹ് ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിൽ കലാശിച്ചത്. നൂഹിലെ ഖെഡ്ല മോഡിലെത്തിയപ്പോൾ ചിലർ യാത്ര തടഞ്ഞ് കല്ലേറ് നടത്തിയതായും തിരിച്ചും കല്ലേറുണ്ടായതായും പറയുന്നു. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. സംഘർഷം ആസൂത്രിതമാണെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞിരുന്നു.