ഹൂത്തി ആക്രമണ ഭീതിയെ തുടര്‍ന്ന് ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം കപ്പല്‍ കമ്പനികള്‍ ഒഴിവാക്കുന്നു. ആഗോളതലത്തിലുള്ള ചരക്ക് നീക്കത്തെ ചെങ്കടല്‍ പ്രതിസന്ധി ബാധിക്കുകയാണ്. യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സഖ്യം ആക്രമണം കടുപ്പിച്ചിട്ടുണ്ട്.ആഗോളചരക്ക് നീക്കത്തിന്റെ പന്ത്രണ്ട് ശതമാനവും നടക്കുന്ന കപ്പല്‍പാതയാണ് യുദ്ധഭീതിയിലായിരിക്കുന്നത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലെ സുപ്രധാന പാതയായ ചെങ്കടലിലൂടെ പ്രതിവര്‍ഷം പതിനേഴായിരത്തിലധികം കപ്പലുകള്‍ ആണ് സഞ്ചരിക്കുന്നത്. ഹൂത്തികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം പതിവാക്കിയതോടെ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് കപ്പല്‍ കമ്പനികള്‍.
മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയും മയേര്‍സ്‌കും അടക്കമുള്ള പ്രമുഖ കപ്പല്‍ കമ്പനികള്‍ എല്ലാം തന്നെ ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം ഒഴിവാക്കി. ജാപ്പനിസ് ഷിപ്പിംഗ് കമ്പനിയായ നിപ്പോള്‍ യൂസെനും ചെങ്കടല്‍ വഴിയുള്ള യാത്ര നിര്‍ത്തിവെച്ചതായി വ്യക്തമാക്കി. ആഗോള അസംസ്‌കൃത എണ്ണ നീക്കത്തില്‍ നിര്‍ണ്ണായകമായ പാതയാണ് ചെങ്കടല്‍. എണ്ണനീക്കത്തേയും ചെങ്കടല്‍ പ്രതിസന്ധി ബാധിച്ചു. ചെങ്കടല്‍ വഴിയുള്ള എല്ലാ ചരക്ക് നീക്കവും നിര്‍ത്തിവെച്ചതായി ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ഷെല്‍ അറിയിച്ചു. ചെങ്കടല്‍ വഴി യൂറോപ്പിലേക്കുള്ള എണ്ണകയറ്റുമതി ഖത്തറും നിര്‍ത്തിവെച്ചിരുന്നു. ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്കന്‍ മുനമ്പ് ചുറ്റിയാണ് കപ്പലുകള്‍ സഞ്ചരിക്കുന്നത്. ഇതിന് ഒന്‍പത് ദിവസത്തോളം അധികമായി എടുക്കും എന്നത് മാത്രമല്ല ചിലവ് വളരെ കൂടുതലാണ്. പതിനഞ്ച് ശതമാനത്തിലധികം ആണ് ചിലവ് വര്‍ദ്ധിക്കുക. ഇത് ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയ്ക്ക് കാരണമാകും.
ഇന്നലെയും ചെങ്കടലില്‍ ഹൂത്തികള്‍ ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണം നടത്തിയിരുന്നു. യെമനിലെ ഹൂത്തികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തിയെന്ന് അമേരിക്കയും വ്യക്തമാക്കി. ഹൂത്തികളുടെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി അമേരിക്ക അറിയിച്ചു…