ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക നീക്കവുമായി സര്‍ക്കാര്‍ രുപീകരിച്ച പ്രത്യേക അന്വേഷണ സംഘം. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയവരെ നേരിട്ട് കാണുന്നതിനാണ് തീരുമാനം. പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുള്ളവരുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ കൈമാറിയതിന് പിന്നാലെയാണ് മൊഴി നല്‍കിയവരെ നേരിട്ട് കാണുന്നതിനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ച് കേസെടുക്കേണ്ട കാര്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം എന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ആണ് ഇരകളേ നേരിട്ട് കാണുന്നതിനുള്ള തീരുമാനം.അന്‍പത് പേരാണ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ സിനിമയിലെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മൊഴില്‍ നല്‍കിയത്.ഇവരെ അന്വേഷണസംഘം നാലാ തിരിച്ച് നേരിട്ട് കാണും.
മൊഴിയുമായി മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ പരാതിയായി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.ഓണത്തിന് ശേഷം മൊഴി നല്‍കിയവരെ നേരിട്ട് കാണുന്നതിന് ആണ് തീരുമാനം. രണ്ടാഴ്ച്ചയ്ക്ക് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ഹൈകോടതി നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ പത്ത് ദിവസത്തിനുള്ളില്‍ മൊഴി നല്‍കിയ മുഴുവന്‍ ആളുകളേയും നേരിട്ട് കാണുന്നതിന് ആണ് തീരുമാനം.