മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. കേസില്‍ വനിത കമ്മിഷനെയും കോടതി കക്ഷി ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യം ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കണം എന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചു.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ പത്തിന് കോടതിയില്‍ ഹാജരാക്കാന്‍ ആണ് നിര്‍ദ്ദേശം. റിപോര്‍ട്ടില്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കമ്മിറ്റി രുപീകരിച്ചത് അടക്കം പാഴ് വേലയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നും കോടതി ആരാഞ്ഞു. ഹേമ കമ്മിറ്റി ജുഡീഷ്യല്‍ കമ്മീഷന്‍ അല്ലെന്നും സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ മൊഴി നല്‍കിയവര്‍ക്ക് മുന്നോട്ടു വരാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. കമ്മിറ്റിയോട് പേര് പറയാന്‍ സര്‍ക്കാരിനാവില്ലെന്നും സര്‍ക്കാരിന്റെ പക്കല്‍ പേരുകള്‍ ഇല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
റിപ്പോര്‍ട്ടിലെ ലൈംഗീക പീഡന പരാതികള്‍ പഠിക്കാന്‍ അന്വേഷണസമിതിയെ നിയമിക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. കുറ്റകൃത്യങ്ങള്‍ക്ക് എതിരെ നടപടി ഉണ്ടാകണം എന്നും സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.